വാർദ്ധക്യത്തിൻറെ ആകുലതകൾ തുറന്നുകാട്ടുന്ന ഒൻപത് ചിത്രങ്ങൾ രാജ്യാന്തര ചലച്ചിത്രമേളയിൽ. നാടുവിട്ടു പോയ മകനെകാത്തിരിക്കുന്ന വൃദ്ധപിതാവിന്റെ വേദനകളുടെ കഥപറയുന്ന കെ.എസ് സേതുമാധവൻ ചിത്രം മറുപക്കം മുതൽ ചൂതാട്ടക്കാരുടെ സംഘത്തിൽ നിന്നും മകനെ രക്ഷിക്കാനിറങ്ങുന്ന പിതാവിന്റെ വേദനകൾ പങ്കുവയ്ക്കുന്ന ജോർജിയൻ ചിത്രം ബ്രൈറ്റൻ ഫോർത്ത് വരെ ഉൾപ്പെടുന്ന ചിത്രങ്ങൾ മേളയിലെ വിവിധ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന സ്പാനിഷ് ചിത്രം പെർഫ്യൂം ഡി ഗാർഡിനിയസ്,കോവിഡ് ബാധയെ തുടർന്ന് ജീവിതം പ്രതിസന്ധിയിലായ ഇറാനിയൻ വനിതയുടെ കഥ പറയുന്ന നയന്റീൻ,അരവിന്ദ് പ്രതാപിന്റെ ലൈഫ് ഈസ് സഫറിങ് ;ഡെത്ത് ഈസ് സാൽവേഷൻ എന്നിവയും വാർദ്ധക്യത്തിന്റെ പ്രശ്നങ്ങളെയാണ് പ്രമേയമാക്കിയിരിക്കുന്നത്. മലയാള സിനിമകളായ നോർത്ത് 24 കാതം,മാർഗം,ആർക്കറിയാം ,ഉദ്ധരണി എന്നിവയും വാർദ്ധക്യം പ്രമേയമാക്കിയ ചിത്രങ്ങളാണ്.