തമിഴിലേക്ക് റീമേക് ചെയ്യപ്പെട്ടതിനു ശേഷം, മലയാള ചിത്രം ‘ഹെലൻ’ ഹിന്ദിയിലും റീമേക്ക് ചെയ്യാൻ ഒരുങ്ങുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ നായികയായി എത്തുക നടി ശ്രീദേവിയുടെ മകളും നടിയുമായ ജാൻവി കപൂറായിരിക്കും.ജാൻവിയുടെ പിതാവ് ബോണി കപൂറും സീ സ്റ്റുഡിയോയും ചിത്രം നിർമ്മിക്കും എന്നാണ് അറിയുന്നത്. ഡയറക്ടറുടെ പേരും മറ്റ് ക്രൂ അംഗങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ ഇതുവരെ അറിവായിട്ടില്ല.
നവാഗതനായ മാതുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ‘ഹെലൻ’ അതിജീവന ത്രില്ലറാണ്. ആൽഫ്രഡ് കുര്യൻ ജോസഫ്, നോബിൾ ബാബു തോമസ് എന്നിവർക്കൊപ്പം സംവിധായകൻ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരുന്നു. അന്ന ബെൻ ആയിരുന്നു മലയാളത്തിൽ നായിക. അന്നയുടെ എക്കാലത്തെയും മികച്ച ഒരു റോൾകൂടിയായിരുന്നു അത്. ലാൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.
ഇനിയും പേരിട്ടിട്ടില്ലാത്ത തമിഴ് പതിപ്പിൽ ‘തുംബ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ കീർത്തി പാണ്ഡ്യനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കീർത്തിയുടെ പിതാവ് അരുൺ പാണ്ഡ്യൻ ലാൽ അവതരിപ്പിച്ച പിതാവിന്റെ വേഷം അവതരിപ്പിക്കുന്നു. ‘രൗത്തിറാം’, ‘ഇധാർകുത്താനെ ആസായിപട്ടായ് ബാലകുമാര’, ‘ജംഗ’, ‘കശ്മോറ’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ഗോകുലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.