‘ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍?’ എന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഫെയ്‌സ്ബുക്കില്‍ കുറിച്ചപ്പോള്‍ അതൊരു ആവേശത്തില്‍ പറഞ്ഞതായിരിക്കുമെന്നാണ് പലരും കരുതിയത്. എന്നാല്‍ വെറും പറച്ചിലല്ല അത് തീരുമാനം തന്നെയാണെന്ന് തെളിയിച്ചിരിക്കുകയാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടുകൊണ്ട് സംവിധായകന്‍. ‘എ’ എന്നാണ് പുതിയ സിനിമയുടെ പേരെന്നും ജൂലൈ 1 ന് ഷൂട്ടിങ് ആരംഭിക്കുമെന്നുമാണ് ഫസ്റ്റ്‌ലുക്ക് പുറത്ത് വിട്ട് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങുന്നതിനെച്ചൊല്ലി മലയാള സിനിമയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയായിരുന്നു ‘ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍?’ എന്ന പ്രതികരണവുമായി ലിജോ ജോസ് പെല്ലിശ്ശേരി രംഗത്തു വന്നത്. പുതിയ സിനിമകള്‍ ഉടന്‍ തുടങ്ങുന്നതില്‍ ചില നിര്‍മാതാക്കള്‍ എതിര്‍പ്പു പ്രകടിപ്പിച്ച പശ്ചാത്തലത്തിലായിരുന്നു അദ്ദേഹം ഫെയ്‌സ്ബുക്കില്‍ ഇത്തരമൊരു പരാമര്‍ശവുമായി എത്തിയത്.
ഫെയ്‌സ്ബുക്ക് കുറിപ്പ് വന്നതോടെ അഭിപ്രായവുമായി നിരവധിപ്പേരെത്തി. ‘ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍?’ എന്നത് ചെയ്യാന്‍ പോകുന്ന പുതിയ സിനിമയുടെ പേരാണെന്നാണ് പലരും ധരിച്ചത്. എന്നാല്‍ ‘സിനിമയുടെ പേരല്ല തീരുമാനമാണ്’ എന്നൊരു കുറിപ്പും ഇതിന് തൊട്ടുപിന്നാലെ സംവിധായകന്‍ പങ്കുവച്ചു. ഉടന്‍ തന്നെ പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോള്‍ സംവിധായകന്‍.