രാജ്യാന്തര ചലച്ചിത്ര മേളയിലെ ലോക സിനിമാ വിഭാഗത്തിൽ ഇക്കുറി പ്രദർശനത്തിനെത്തുന്നത് ലോകത്തിന്റെ സൗന്ദര്യവും സംഘർഷവും ആവിഷ്കരിക്കുന്ന 86 വൈവിധ്യകാഴ്ചകൾ .അഫ്‌ഗാൻ ,ഇറാഖ് തുടങ്ങിയ സംഘർഷ ഭൂമികൾ ഉൾപ്പടെ 60 ലധികം രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. ഓസ്കാർ നോമിനേഷൻ നേടിയ ഡ്രൈവ് മൈ കാർ, കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരം ലഭിച്ച റിപ്പിൾസ് ഓഫ് ലൈഫ്, പ്രയേഴ്സ് ഫോർ ദി സ്റ്റോളൻ, അഹെഡ്‌സ് നീ, വെനീസ് ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം നേടിയ സൺ ചിൽഡ്രൻ,ഏഷ്യൻ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായ ബ്രൈറ്റൻ ഫോർത്ത് തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. രണ്ടു തവണ ഓസ്കാർ പുരസ്‌കാരം നേടിയ ഇറാനിയൻ സംവിധായകൻ അസ്‌ഗർ ഫർഹാദിയുടെ എ ഹീറോ എന്ന ചിത്രവും ലോക സിനിമ വിഭാഗത്തിലുണ്ട്.
ഒരു അൽബേനിയൻ വിധവയുടെ അതിജീവനത്തിൻ്റെ കഥ പറയുന്ന ഹൈവ്, യുക്രൈനിലെ മാതൃജീവിതങ്ങളെ പ്രമേയമാക്കിയ 107 മദേഴ്സ്, കൗമാരക്കാരുടെ പ്രണയം ചിത്രീകരിക്കുന്ന ഫ്രഞ്ച് ചിത്രം എ ടൈൽ ഓഫ് ലവ് ആൻഡ് ഡിസൈയർ, ഭർത്താവ് നഷ്ട്ടപ്പെട്ട ഒരു സ്ത്രീയുടെ ജീവിതം പ്രമേയമാക്കിയ ബെല്ലാഡ് ഓഫ് എ വൈറ്റ് കൗ തുടങ്ങിയ ചിത്രങ്ങളും ലോക സിനിമാ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ സംവിധായകരായ നടേശ് ഹെഗ്‌ഡെ, പ്രസൂൺ ചാറ്റർജി എന്നിവരുടെ ചിത്രങ്ങളും ലോകസിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഗോവധത്തിൻ്റെ രാഷ്ട്രീയം ചർച്ച ചെയ്യുന്നതാണ് നടേശ് ഹെഗ്‌ഡെ സംവിധാനം ചെയ്ത പെർഡോയുടെ പ്രമേയം. മതം സൗഹൃദത്തിൽ ഏൽപ്പിൽക്കുന്ന ആഘാതമാണ് പ്രസൂൺ ചാറ്റർജിയുടെ ടു ഫ്രണ്ട്‌സ് ചർച്ച ചെയ്യുന്നത്. റോബോട്ടുകളോടൊപ്പമുള്ള മനുഷ്യജീവിതത്തെ ആവിഷ്ക്കരിക്കുന്ന മരിയ ഷ്രാഡറുടെ ഐ ആം യുവർ മാൻ അടക്കം 23 വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.