രാജ്യാന്തര മേളയിലെ റീഡിസ്കവറിങ് ദി ക്ലാസിക്സ് വിഭാഗത്തിൽ ജി.അരവിന്ദന്റെ കുമ്മാട്ടി പ്രദർശിപ്പിക്കും. ചിത്രത്തിന്റെ റീസ്റ്റോർ ചെയ്യപ്പെട്ട 4K പതിപ്പാണ് പ്രദർശിപ്പിക്കുന്നത് .ഇന്ത്യയിൽ ആദ്യമായാണ് ഈ 4K പതിപ്പ് പ്രദർശിപ്പിക്കുന്നത്. സെനഗൽ ,സോവിയറ്റ് യൂണിയൻ, തായ്‌വാൻ , യുണൈറ്റഡ് കിങ്ഡം ,ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ശ്രദ്ധേയമായ ആറു ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. സെനഗൽ ചലച്ചിത്ര ചരിത്രത്തിലെ ശ്രദ്ധേയമായ ചിത്രം ജിബ്രിൽ ദിയോപ് മംബെറ്റിയുടെ ദി ജേർണി ഓഫ് ദി ഹൈന, അർമേനിയൻ കവി സയത് നോവയുടെ ജീവിതം പ്രതിപാദിക്കുന്ന ദി കളർ ഓഫ് പൊമേഗ്രനേറ്റ്സ്, എഡ്വേർഡ് യാങ് സംവിധാനം ചെയ്ത തായ്‌വാൻ ചിത്രം തായ്പേയ് സ്റ്റോറി തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ ഉള്ളത്.
ഒരു സിനിമാ താരത്തിന്റെ ജീവിതം പ്രമേയമാക്കിയ യു എസ് ചിത്രം റെഡ് ഷൂസ് , ജാപ്പനീസ് ചിത്രങ്ങൾക്ക് ആഗോള സ്വീകാര്യത നേടിക്കൊടുത്ത കെൻജി മിസോഗുച്ചി സംവിധാനം ചെയ്ത ഉഗെറ്റ്സു എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റ് ചിത്രങ്ങൾ.