ടി20 ലോകകപ്പ് മാറ്റിയതോടെ ഐപിഎല്ലിന്റെ വഴി ക്ലിയര്‍

ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം നടടക്കാനിരിക്കുന്ന ടി20 ലോകകപ്പ് 2022ലേക്കു ഐസിസി മാറ്റി വച്ചതോടെ ഐപിഎല്ലിന്റെ 13ാം സീസണിന്റെ വഴി ക്ലിയര്‍ ആയിരിക്കുകയാണ്. ബിസിസിഐ നേരത്തേ പ്ലാന്‍ ചെയ്തതു പോലെ തന്നെ യുഎഇയില്‍ ആയിരിക്കും ടൂര്‍ണമെന്റ്. സപ്തംബര്‍ 26ന് 13ാം സീസണ്‍ ആരംഭിക്കുകയെന്ന പ്ലാനിങുമായാണ് ബിസിസിഐ മുന്നോട്ടു പോവുന്നത്. എന്നാല്‍ ഐപിഎല്‍ ഉറപ്പിക്കണമെങ്കില്‍ ഒരൊറ്റ കാര്യം കൂടി ബിസിസിഐയ്ക്കു ശേഷിക്കുന്നുണ്ട്. സര്‍ക്കാരിന്റെ അംഗീകാരമാണിത്.

സര്‍ക്കാരിന്റെ കൂടി അനുമതി ലഭിച്ചാല്‍ മാത്രമേ ഐപിഎല്ലുമായി മുന്നോട്ടു പോവാന്‍ ബിസിസിഐയ്ക്കു കഴിയുകയുള്ളൂ. വരാനിരിക്കുന്ന ദിവസങ്ങളില്‍ ഇതു നേടിയെടുക്കാനായിരിക്കും ബിസിസിഐയുടെ ശ്രമം. അതിനു ശേഷമായിരിക്കും മല്‍സരക്രമവും വേദിയുമെല്ലാം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. സപ്തംബര്‍ അവസാന വാരം ആരംഭിച്ച് നവംബര്‍ ആദ്യവാരം അവസാനിക്കുന്ന രീതിയിലാണ് ബിസിസിഐ ടൂര്‍ണമെന്റ് പ്ലാന്‍ ചെയ്യുന്നത്. മുഴുവന്‍ മല്‍സരങ്ങളും യുഎഇയില്‍ തന്നെയായിരിക്കും. യുഎഇയില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ അടുത്ത ദിവസങ്ങളില്‍ സര്‍ക്കാരില്‍ നിന്നും ബിസിസിഐ അനുമതി തേടുമെന്ന് ഐപിഎല്‍ ഭരണസമിതി ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ അറിയിച്ചു. ഐപിഎല്ലിനു വേദിയാവാന്‍ യുഎഇ നേരത്തേ സന്നദ്ധത അറിയിച്ചിരുന്നു. അവിടുത്തെ സൗകര്യങ്ങളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചുമെല്ലാം ഞങ്ങള്‍ക്കു നന്നായറിയാം. നേരത്തേ 2014ല്‍ ഐപിഎല്ലിന്റെ ആദ്യപാദ മല്‍സരങ്ങള്‍ യുഎഇയില്‍ നടത്തിയിരുന്നു. അതിനാല്‍ തന്നെ ഇത്തവണ എന്തൊക്കെയാണ് വേണ്ടത് എന്നതിനെക്കുറിച്ചു കൃത്യമായ ധാരണയുണ്ടെന്നും പട്ടേല്‍ പറഞ്ഞു.